ഒരുമിച്ചിരിക്കാം ഒരൊത്തിരി നേരം,
ഒരായിരം ഓര്‍മയില്‍ ഒന്നായി മാറാം,
ഇന്നലെ നീ കണ്ട സ്വപ്നകഥയിലെ,
നായകനായ് ഞാന്‍ ആനന്ദമേകാം,
വള്ളിക്കുടിലിലെ ഓമനമൊട്ടുകള്‍,
പൂവായി മാറുന്ന കണ്ടോണ്ടിരിക്കാം,
നീലാകാശത്തെ പഞ്ഞിമേഘങ്ങള്‍,
മഴയായി പെയ്യുന്നതോര്‍ത്തോണ്ടിരിക്കാം,
നീ ചുടുചുംബനമേകുന്ന മാത്രയില്‍,
മയില്‍പ്പീലിയായ് മാറാം,
നിന്നെ തഴുകിയുണര്‍ത്താം,
നിന്‍ ചുടുനിശ്വാസം മേനിയെ പുല്‍കുമ്പോള്‍,
തേനരുവിയായ് മാറാം,
നിന്നിലേക്കൊഴുകാം,
കാട്ടിലും മേട്ടിലും കുന്നിന്‍ ചെരുവിലും,
ഒരുമിച്ചു ചെല്ലാം ഒരുമിച്ചിരിക്കാം,
ചില്‍ചിലം വെക്കുന്ന കിളികളെ കാണാം,
ധന്‍ ധനം വെക്കുന്ന മയിലിനെ കാണാം,
കാട്ടിലെ നനുത്ത പുല്‍പ്പായമെത്തയില്‍,
ഒരുമിച്ചുറങ്ങാം ഒരുമിച്ചെണീക്കാം,
മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത്,
മഞ്ഞുതുള്ളികള്‍കൊണ്ടു ഞാന്‍ മാലയൊരുക്കാം,
മഴക്കാറുമാനത്തു കാണുന്ന മാത്രയില്‍,
മഴവില്ലു കൊണ്ടു ഞാന്‍ നിന്നെയൊരുക്കാം,
കണ്ണിലും കണ്ണിലും നോക്കിയിരിക്കാം,
ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു പിടിക്കാം,
ആലിംഗനങ്ങളില്‍ നമ്മെ മറക്കാം,
ഒന്നായി മാറാം പിന്നെ ഒരുമിച്ചു മരിക്കാം.......
No comments:
Post a Comment