Monday, June 10, 2013

അറിയൂ നീ...


നീയറിഞ്ഞില്ലയെന്‍

 മനസ്സിന്റെ പൂമരം

പൂത്തതും നിനക്കായ് തുടിച്ചു നിന്നതും

നീയറിഞ്ഞില്ലയെന്‍

ഹൃദയത്തിന്‍ ശംഖുപുഷ്പം

വിടര്‍ന്നതും നിനക്കായ് തേന്‍ നിറച്ചതും 

നീ തൊട്ട ശിലയന്നു ഗന്ധര്‍വനായതും

പൂത്തിരുവാതിര തീരാതിരുന്നതും

മാകന്ദ ഗന്ധം മരിക്കാതിരുന്നതും

രാത്രി മഴയന്നു തോരാതിരുന്നതും 

നിന്‍ സ്നേഹമുല്ല തന്‍ വല്ലിപ്പടര്‍പ്പിന്റെ

പ്രണയ ശ്വാസങ്ങളില്‍ 

ഇഴപിരിഞൊട്ടിയ സ്വപ്നകൂപങ്ങളില്‍

ഇന്നുമീ നേരങ്ങള്‍ നിന്റെ കണ്‍പീലികള്‍

തേടി നടക്കുന്ന ഗന്ധര്‍വ യാമങ്ങള്‍ 

നിന്റെ കൈവെള്ളകള്‍..മോഹങ്ങള്‍

പേറുന്ന തൂവല്‍ കിടക്കകള്‍ 

നിന്റെ കാല്‍വിരലുകള്‍ 

ഓര്‍മ്മകള്‍

പൂവിടും ചെമ്പകത്തണ്ടുകള്‍

എന്നിട്ടുമെന്തേ നീ

മോഹത്തിന്‍ ദര്‍ഭമുനകള്‍ പറിചെറിഞ്ഞിടുന്നു

പ്രണയത്തിന്‍ ഗര്‍ഭഭിത്തികള്‍ തകര്‍ത്തിടുന്നു

ജന്മാന്തരങ്ങളായ് നമ്മളില്‍ നിറയുന്ന

ചെമ്പകപ്പൂമണം അകറ്റിടുന്നു

അറിയൂ നീയോമനേ

നിന്റെ പൂമ്പാറ്റകള്‍

തേടുന്ന പൂക്കള്‍ 

വിടരുന്നയാരാമം ഇതു തന്നെയെന്ന്‍..

ഇതു മാത്രമെന്ന്‍...

No comments:

Post a Comment